NAVAIKULAM GRAMA PANCHAYAT
ചരിത്രം
നാവായിക്കുളം ഗ്രാമപഞ്ചായത്തിന്റെ ചരിത്രം
നാവായ എന്ന വാക്കിന്റെ അർത്ഥം വേദഗ്രന്ഥങ്ങൾ പഠിപ്പിച്ചിരുന്ന സ്ഥലമെന്നാണ്. അതുകൊണ്ടുതന്നെ ഒരുകാലത്ത് നാവായിക്കുളം അതിപ്രശസ്തമായ പൗരാണിക വിദ്യാഭ്യാസ കേന്ദ്രമായിരുന്നുവെന്ന് കരുതപ്പെടുന്നു. പുകൾപെറ്റ ശ്രീശങ്കരനാരായണ ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു. 1954-ലാണ് നാവായിക്കുളം പഞ്ചായത്ത് രൂപീകൃതമാവുന്നത്. പുരാതനകാലത്ത് നാവായിക്കുളം ഒരു കാട്ടുപ്രദേശമായിരുന്നു എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. 1439-ൽ നാവായിക്കുളം ക്ഷേത്രം പണികഴിപ്പിച്ചു. അക്കാലത്തെ ഭരണാധികാരിയായിരുന്ന ചേര ഉദയ മാർത്താണ്ഡവർമ്മ നാവായിക്കുളം ക്ഷേത്രം പണികഴിപ്പിച്ചശേഷം ഒട്ടേറെ ബ്രാഹ്മണരെ കൊണ്ടുവന്ന് ഇവിടെ താമസിപ്പിക്കുകയുണ്ടായിയെന്ന് ചരിത്രം പറയുന്നു. സ്വാതന്ത്ര്യസമരത്തിന് ഗണ്യമായ സംഭാവനകൾ നൽകിയ പ്രദേശമായിരുന്നു നാവായിക്കുളം. ഒട്ടേറെ പ്രമുഖ വ്യക്തികൾ ഇവിടെനിന്ന് ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്. നവോത്ഥാന നായകന്മാരായ എ.കെ.ജി., ഇ. ഗോപാലകൃഷ്ണൻ, പന്തളം പി.ആർ. രാഘവൻപിള്ള എന്നീ നേതാക്കളുടെ നിർദ്ദേശപ്രകാരം പാട്ടം, തിരുപ്പുവാരം, ജന്മിക്കരം തുടങ്ങിയ അനീതികൾക്കെതിരെ ശക്തമായ നിരവധി പ്രക്ഷോഭങ്ങൾ ഈ പഞ്ചായത്തിൽ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. അയിത്തത്തിനെതിരെയും മിച്ചഭൂമിക്കുവേണ്ടിയും എൻ. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ അക്കാലത്ത് ധാരാളം സമരങ്ങൾ നടന്നിരുന്നു. 1954-ൽ പഞ്ചായത്ത് രൂപം കൊണ്ടതിനെത്തുടർന്ന് ആദ്യ പ്രസിഡന്റായത് കരിമ്പുവിള നാരായണക്കുറുപ്പായിരുന്നു.
പ്രധാന ചരിത്രവർഷം: 1954-ൽ നാവായിക്കുളം ഗ്രാമപഞ്ചായത്ത് രൂപീകൃതമായി. പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായി കരിമ്പുവിള നാരായണക്കുറുപ്പ് ചുമതലയേറ്റു.